മലയാള സിനിമയുടെ പദ്മരാജ യുഗത്തിന് തിരശീല വീണിട്ടു 27 വര്ഷം..................
മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ വ്യത്യസ്തമായ ചലച്ചിത്ര അനുഭവങ്ങൾ തുറന്നു തന്ന ആ "പദ്മരാജ യുഗം " അവസാനിച്ചിട്ടു 27 വര്ഷം
രാത്രി വളരെ കഴിഞ്ഞിരുന്നു,പ്രഭാതം അടുത്തടുത്ത് വരുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു . ഞാന്‍ കട്ടിലിലിരുന്നു , എന്റെ കാല്‍ക്കല്‍ വെറും നിലത്തായി അവളും , ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു , മറ്റു ചിലപ്പോള്‍ നിശബ്ദയായി എന്റെ മുഖത്തേക്ക് നോക്കി ,,,,,,,,
രാവിലെ തമ്മില്‍ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക ,,,
മലയാളത്തിന്റെ ഗന്ധര്‍വ്വ പുണ്യം ,, പി.പദ്മരാജന്‍ .. മലയാളിയുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ സവിശേഷമായൊരു സ്ഥാനമുള്ള മഹാരഥന്‍ ,, ഒരു പക്ഷെ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തത്. ഒരിക്കല്‍ ഒരിടത്തൊരു ഗന്ധര്‍വ്വനുണ്ടായിരുന്നു എന്ന് കഥപറയാന്‍ തുടങ്ങുമ്പോള്‍ ഒരിടത്തല്ല മലയാള സിനിമാ സാഹിത്യ നഭസ്സിലാണ് ആ ഗന്ധര്‍വ സാന്നിധ്യം ഉണ്ടായിരുന്നത് എന്ന് തിരുത്തി പറയാന്‍ പോന്ന സവിശേഷത . മഴയും പ്രണയവും രതിയും ഇഴചേരുന്ന പദ്മരാജന്‍ ചിത്രങ്ങള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നത് അതിലെ ചേരുവകളുടെ പ്രത്യേക അനുപാതം ഇനിയും പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടാണ്. മറ്റാര് പറഞ്ഞാലും അശ്ലീലമായിപോയേക്കാവുന്ന കഥകള്‍ പദ്മരാജന്‍ പറഞ്ഞാല്‍ മാത്രം എന്തുകൊണ്ടാണ് ലോകോത്തരമായും കാലത്തെ അതിജീവിക്കുന്നതായും മാറുന്നത് . അതാണ് പദ്മരാജനെന്ന ഗന്ധര്‍വ്വന്റെ കയ്യടക്കം. കാലമിത്ര കഴിഞ്ഞിട്ടും മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും ക്‌ളാരയും ചലച്ചിത്ര പ്രേമികളുടെയും പ്രണയിക്കുന്നവരുടെയും ഹൃദയത്തില്‍ നിന്നിറങ്ങിപോകാത്തതും അതെ ഗന്ധര്‍വ മാന്ത്രികത തന്നെയല്ലേ.. ശാപഗ്രസ്തനായ ഗന്ധര്‍വ്വനും അവന്റെ ഭൂമിയിലെ കന്യകയോടുള്ള പ്രണയവും പ്രകൃതിയും മിത്തും മഴയും പുഴയും രതിയും മറ്റാരും പറയാത്ത രൂപത്തില്‍ ഭാവത്തില്‍ പദ്മരാജന്‍ നമുക്ക് മുന്നില്‍ വരച്ചിട്ടു. പദ്മരാജന് മുന്പും പദ്മരാജന് ശേഷവും മലയാള സിനിമ ഇത്തരം ഇതിവൃത്തങ്ങള്‍ ഇത്ര തന്മയത്തോടെ കൈകാര്യം ചെയ്തിട്ടില്ല. ഏതെങ്കിലും ഒരു ചേരുവ എവിടെയെങ്കിലും ഏറിയും കുറഞ്ഞുമിരിക്കും..
ദൃശ്യ വിസ്മയങ്ങളുടെ ഗന്ധര്‍വകുമാരന്‍ പറയാന്‍ ബാക്കി വച്ച ഒട്ടേറെ കഥകളുമായി ഗന്ധര്‍വന്മാരുടെ നാമറിയാത്ത ലോകത്തേക്ക് മടക്കയാത്ര നടത്തിയതിന്റെ നഷ്ടം നമുക്ക് മാത്രമാണ് . നക്ഷത്രങ്ങള്‍ പൂത്തു നില്ക്കുന്നൊരു രാവില്‍ പാലമരക്കൊമ്പിലെ മിന്നാമിന്നിയായി തുറന്നിട്ട ജാലകത്തിനരികില്‍ ചാറ്റല്‍ മഴയത്തൊരു തൂവാനമായി വരുമോ പ്രിയ ഗന്ധര്‍വ്വനിനിയും,,,,



Comments
Post a Comment