ജൂഡ് ആന്റണിയെ കോമാളി എന്ന് വിളിച്ചും പാർവതിയെ പുകഴ്ത്തി പറഞ്ഞും ദീപക് രംഗത്ത്
കസബയെ വിമര്‍ശിച്ച നടി പാര്‍വതിയെ പരിഹസിച്ച് പോസ്റ്റിട്ട നടനും സംവിധായകനുമായ ജൂഡ് ആന്റണിക്ക് മറുപടിയുമായി ദീപക് ശങ്കരനാരായണന്‍. ജൂഡ് കോമാളിയാണെന്ന് അറിയാന്‍ ഇനി ജൂഡ് മാത്രമേ ബാക്കിയുള്ളുവെന്നും നാട്ടുകാര്‍ക്ക് മുഴുവന്‍ അക്കാര്യം അറിയാമെന്നും ദീപക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
സിനിമാ താരങ്ങള്‍ അവരുടെ സ്‌ക്രീനിലെ ഇമേജിനനുസരിച്ച് പൊതുജീവിതത്തില്‍ പെരുമാറുന്നത് സര്‍വ്വസാധാരണമാണ്. പൊതുജീവിതത്തിലെ ഇമേജിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ അവര്‍ സ്‌ക്രീനിലും അവതരിപ്പിക്കും. സ്‌ക്രീന്‍ ഇമേജ് പബ്ലിക് ഇമേയ്ജിനേയും തിരിച്ചും സഹായിച്ചുകൊണ്ടിരിക്കും. ശിവാജി ഗണേശന്‍ ആദ്യം കട്ടബൊമ്മനാവുകയും പിന്നെ കട്ടബൊമ്മന്‍ ശിവാജിഗണേശനാവുകയും ചെയ്തത് പോലെ.
ചിലര്‍ അതില്‍ പെട്ടുപോകും, സ്‌ക്രീനിലാണെന്ന് കരുതി ഫുള്‍ടൈം പെരുമാറിക്കളയും. ചിലര്‍ അതിനെ സമര്‍ത്ഥമായി ഉപയോഗിക്കും. സുരേഷ് ഗോപിയെ നോക്കുക. ഒരു ടെലെവിഷന്‍ ഇന്റര്‍വ്യൂവിലോ പുറത്ത് വച്ച് കാറില്‍ കയറുന്നതിനിടയില്‍ പത്രക്കാരെ കാണുമ്‌ബോഴോ അയാള്‍ സംസാരിക്കുക സ്‌ക്രീനില്‍ ഡയലോഗ് പറയുന്നതുപോലെയാണ്.
സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിക്കുമ്‌ബോഴും തങ്ങളുടെ പൊട്ടന്‍ഷ്യല്‍ സ്‌ക്രീന്‍ ഇമേജിന്, ഇപ്പോഴത്തേതല്ലെങ്കില്‍ ഭാവിയില്‍ അവര്‍ക്ക് കിട്ടാന്‍ സാദ്ധ്യതയുള്ളത് എന്നവര്‍ കരുതുന്ന കഥാപാത്രങ്ങള്‍ക്കനുസരിച്ച്, അവര്‍ പെരുമാറിക്കളയും. പലപ്പോഴും ബോധപൂര്‍വ്വമല്ല അത്. അങ്ങനെ ആയിപ്പോകുന്നതാണ്. മോഹന്‍ലാലിനെ നോക്കുക. ഓഷോ രജനീഷിനെ എന്തോ ചില്ലറ പുസ്തകം വായിച്ച് ഓഷോക്ക് പഠിച്ചിരുന്ന കാലത്ത് അയാളുടെ പബ്ലിക് അപ്പിയറന്‍സുകള്‍, ഇന്റര്‍വ്യൂകള്‍ തുടങ്ങിയവ മൊത്തം ഒരു കാമ്ബുമില്ലാത്ത് ഫിലോസഫിക്കല്‍ റെട്ടറിക്കായിരുന്നു. ശേഷം ആ ജാതി ഡയലോഗുകള്‍ മോഹന്‍ലാലിന്റെ സിനിമകളില്‍ സ്ഥിരമായി.
അപര്‍ണ്ണ ഗോപിനാഥ് എന്നൊരു നടിയുണ്ടായിരുന്നു. അവര്‍ ടാക് ഷോയിലും ഇന്റര്‍വ്യൂവിലും സംസാരിക്കുന്നത് അവര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ വച്ചാണ്. അഥവാ അവര്‍ക്കാ കഥാപാത്രം കിട്ടിയത് അവരുടെ മാനറിസങ്ങള്‍ ഇങ്ങനെയായതുകൊണ്ടാണ്. നടി പാര്‍വതിയും ഇത് ചെയ്യുന്നുണ്ട്. അറിഞ്ഞുകൊണ്ടാവണമെന്നില്ല.
പോപ് കള്‍ചറിലെ സമര്‍ത്ഥരായ സംവിധായകര്‍ താരങ്ങളുടെ പബ്ലിക് ഇമേജിനെ തങ്ങളുടെ കഥാപാത്രങ്ങള്‍ക്കായി ഉപയോഗിച്ച് പണം കൊയ്യും. അതില്‍ ചെടിച്ചിട്ട് കാര്യമില്ല. അല്ലെങ്കിലും കാസ്റ്റിങ് എന്ന ഇടപാടുതന്നെ അങ്ങേയറ്റം പൊളിറ്റിക്കലി ഇന്‍കറക്റ്റാണ്. അഭിനയശേഷിയാണ് കൊമേഴ്‌സ്യല്‍ സിനിമകളില്‍ കാസ്റ്റിങ്ങിന്റെ അടിസ്ഥാനം എന്ന് ഇക്കാലത്ത് ആരും പറയുമെന്ന് തോന്നുന്നില്ല. അഭിനയിക്കാന്‍ അറിയുകയേ വേണ്ട എന്നല്ല. പക്ഷേ പബ്ലിക് സൈക്കിയില്‍ കഥാപാത്രത്തിന്റെ സ്റ്റീരിയോടൈപ്പുകള്‍ക്ക് യോജിച്ച ശാരീരിക, മാനറിസ, സവിശേഷതകളുള്ള ആളുകളെ അതാത് റോളില്‍ അഭിനയിപ്പിക്കുകയോ അല്ലെങ്കില്‍ അത്തരം അഭിനേതാക്കള്‍ക്ക് അനുകൂലമായ പാത്രസൃഷ്ടി നടത്തുകയോ ആണ് കാസ്റ്റിങ് എക്‌സര്‍സൈസ് മൊത്തം. പൊളിറ്റിക്കലി കറക്റ്റായ കാസ്റ്റിങ് എന്നൊന്നില്ല, അതെല്ലായ്‌പ്പോഴും പബ്ലിക് സൈക്കിയിലെ സ്റ്റീരിയോടൈപുകളെ പുനരുപയോഗിക്കലാണ്.
ഇനി ജൂഡ് ആന്റണിയെ നോക്കുക.
അയാള്‍ സ്വയം കരുതുന്നത് താനൊരു സംഭവമാണെന്നാണ്. വിമര്‍ശകരെ മുഴുവന്‍ തെറിവിളിക്കുന്നു, അടിയന്‍ ലച്ചിപ്പോം എന്ന് ചാടിവീഴുന്നു, സംവരണം മുതല്‍ സ്വാശ്രയവിദ്യാഭ്യാസം വരെ ലോകത്ത് തനിക്കറിയില്ലെന്ന് താനൊഴിച്ച് എല്ലാവര്‍ക്കും അറിയാവുന്ന സകല വിഷയത്തിലും പോയി അതത് വിഷയത്തിലെ വിദഗ്ദരെയൊക്കെ അടക്കി ചീത്തവിളിക്കുന്നു. താനും മറ്റ് സൂപര്‍ താരങ്ങളുമൊക്കെ സിനിമയെന്ന സര്‍ക്കസ് ടെന്റിന്റെ മുതലാളിയാണെന്നും നടിമാരൊക്കെ അതിനകത്ത് വലിഞ്ഞുകയറുന്ന കുരങ്ങന്മാരാണെന്നുമൊക്കെ ഗടാഘടിയന്‍ തൊട്ട് മോഡലൊക്കെ മുന്നോട്ടുവക്കുന്നു. മൊത്തം ഒരു സൂപ്പര്‍ താരമാണെന്നാണ് അദ്ദേഹത്തിന്റെ സ്വയം വിലയിരുത്തല്‍ എന്നതില്‍ ഒരു സംശയവും വേണ്ട.
ഇനി ജൂഡ് ആന്റണിയുടെ കഥാപാത്രങ്ങളെ നോക്കുക. ഒറ്റനോട്ടത്തില്‍ തപ്പിയപ്പോള്‍ കണ്ടത് ഇവയാണ്.
1) ‘പ്രേമ’ത്തിലെ ഡാന്‍സ് മാസ്റ്റര്‍ ഡോളി ഡിക്രൂസ്
2) ”ആക്ഷന്‍ ഹീറോ ബിജു’വിലെ ഷിന്റോ എന്ന ഡൊമസ്റ്റിക് ഹെല്പ് ഏജന്‍സി നടത്തിപ്പുകാരന്‍
3) ‘വെളിപാടിന്റെ പുസ്തക’ത്തിലെ കോശി
എല്ലാറ്റിലും ഒന്നാന്തരം കോമാളികളോ വിഡ്ഢികളോ പൊങ്ങച്ചക്കാരോ ആയ മനുഷ്യര്‍.
ഇതിന്റെയല്ലാം സംവിധായകര്‍ ഇയാളുടെ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ഒക്കെ ആയിരുന്നിരിക്കണം. അവര്‍ ഇയാളുടെ പബ്ലിക് ഇമേയ്ജിനെ ഉപയോഗിക്കുകയാണ്. പുള്ളി ആ സ്‌ക്രീന്‍ ഇമേജിനയല്ല പുറത്ത് ഉപയോഗിക്കുന്നതെങ്കിലും ഫലത്തില്‍ അങ്ങനെയാവുകയും ചെയ്യും. അമരീഷ് പുരിയാണെന്ന് സ്വയം കരുതുന്ന കിരീടത്തിലെ ഹൈദ്രോസ്. മറ്റ് സംവിധായകര്‍ വരെ ഹൈദ്രോസിനെ ഉപയോഗിക്കുകയും ചെയ്യുന്നു.
എന്ന് വച്ചാല്‍ ജൂഡ് കോമാളിയാണെന്ന് അറിയാന്‍ ജൂഡ് മാത്രമേ ബാക്കിയുള്ളൂ. നാട്ടുകാര്‍ക്ക് മുഴുവന്‍ കാര്യമറിയാം.

Comments
Post a Comment